Kerala
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി (വിഎച്ച്എസ്ഇ) പരീക്ഷാ ഫലങ്ങളുടെ പ്രഖ്യാപന തീയതികൾ നിശ്ചയിച്ചു. എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15 നും ഹയർസെക്കൻഡറി ഫലപ്രഖ്യാപനം മേയ് 22നും പ്ലസ് വൺ പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂൺ 10നും നടക്കും.
മേയ് നാലിന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതിനാൽ പുതിയ സർക്കാരിൽ ചുമതലയേൽക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയാകും ഫലപ്രഖ്യാപനം നടത്തുക. മൂല്യനിർണയ ക്യാമ്പുകൾ പൂർത്തിയായിയായി വരുകയാണ്.
ഡാറ്റാ എൻട്രി ഉൾപ്പെടെയുള്ള അവസാനഘട്ട നടപടികൾ പുരോഗമിക്കുകയാണ്. വിദ്യാർഥികൾക്ക് results.kite.kerala.gov.in, prd.kerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാൻ സാധിക്കും. പരീക്ഷാഫലം വന്നാലുടന് സര്ട്ടിഫിക്കറ്റുകളുടെ വിതരണം ആരംഭിക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് മൂല്യനിർണയം വൈകിയാണ് ആരംഭിച്ചത്. ഫലപ്രഖ്യാപനം കഴിഞ്ഞാല് ഉടന് തന്നെ പുനര് മൂല്യനിര്ണയത്തിനുള്ള അപേക്ഷ സ്വീകരിക്കും. അതിന്റെ ഫലം മേയ് അവസാനവാരം പ്രഖ്യാപിക്കും.
മേയ് അവസാന വാരത്തോടെ ഉപരിപഠനത്തിനായുള്ള അഡ്മിഷൻ നടപടികൾ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
Kerala
തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകളിൽ നടത്താനിരുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു. ഗൾഫ് മേഖലയിലെ നിലവിലെ സവിശേഷ സാഹചര്യം കണക്കിലെടുത്താണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനം.
ഈ മാസം 18-ന് നടക്കേണ്ടിയിരുന്ന എസ്എസ്എൽസി പരീക്ഷയും 19-ന് നടക്കേണ്ടിയിരുന്ന ഹയർ സെക്കൻഡറി പരീക്ഷകളുമാണ് ഇപ്പോൾ മാറ്റിവെച്ചിരിക്കുന്നത്. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. 19-ാം തീയതിക്ക് ശേഷം നടക്കേണ്ട പരീക്ഷകളുടെ കാര്യത്തിൽ സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനമെടുക്കും.
നേരത്തെ മാർച്ച് 9-ലേക്ക് നിശ്ചയിച്ചിരുന്ന എസ്എസ്എൽസി പരീക്ഷ 18-ലേക്കും, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ 19-ലേക്കും മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും പരീക്ഷകൾ നീട്ടിവെച്ചിരിക്കുന്നത്. മാർച്ച് 5, 6, 7 തീയതികളിൽ നടക്കേണ്ടിയിരുന്ന പരീക്ഷകളും നേരത്തെ പുനഃക്രമീകരിച്ചിരുന്നു.
ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയും സുരക്ഷാ സാഹചര്യങ്ങളും പരിഗണിച്ചാണ് പരീക്ഷകൾ മാറ്റാൻ സർക്കാർ തീരുമാനിച്ചത്. ഗൾഫിലെ ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികളെ ബാധിക്കുന്നതാണ് ഈ തീരുമാനം. പരീക്ഷാ തീയതികളിലെ മാറ്റം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും.
Kerala
തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് ആറിന് ആരംഭിക്കും. 4,52,437 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷ എഴുത്തുന്നത്.
1984 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ എഴുതുന്നത് 3,41,222 വിദ്യാർഥികളാണ്. ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കും. 28ന് അവസാനിക്കും.
4,11,025 വിദ്യാർഥികളാണ് ഒന്നാം വർഷ പരീക്ഷ എഴുതുക. ഏപ്രിൽ ആറു മുതൽ മൂല്യനിർണയം നടത്തി മേയ് 22ന് ഫലപ്രഖ്യാപനം നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് അഞ്ചിനു തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മാർച്ച് 30 വരെയാണ് പരീക്ഷ നടക്കുക. മേയ് എട്ടിന് ഫലം പ്രഖ്യാപിക്കും.
സംസ്ഥാനത്ത് 3,000 പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും.
അതേസമയം, ഹയർ സെക്കൻഡറി പരീക്ഷാ തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 2026 മാർച്ച് അഞ്ചു മുതൽ 27 വരെ ഒന്നാം വർഷ പരീക്ഷകളും, മാർച്ച് ആറു മുതൽ 28 വരെ രണ്ടാം വർഷ പരീക്ഷകളും നടക്കും.
സംസ്ഥാനത്ത് 3,000 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കും.